ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസ് കൊല്ലപ്പെട്ടു

പോര്‍ട്ടോ പ്രിന്‍സ്: കരിബീയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രസിഡന്റ് ജോവനല്‍ മോയിസ് കൊല്ലപ്പെട്ടു. സ്വകാര്യ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് പ്രസിഡന്റ് ജോവനല്‍ മോയിസ് (53) കൊല്ലപ്പെട്ടത്. സ്വകാര്യവസതിയിലേക്ക് അതിക്രമിച്ച കയറിയ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ഭാര്യ മാര്‍ട്ടിനെ മോയിസെക്കും വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് സ്ഥിരീകരിച്ചു.

തെരുവുകള്‍ കീഴടക്കി കൊള്ളസംഘങ്ങള്‍ വാഴുന്ന രാജ്യത്ത് പൊലീസിന് നിയന്ത്രണം ഏറ്റെടുക്കാനാവാത്ത വിധം കഠിനമായ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണ്. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്‌സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്. ഏകാധിപത്യം സ്ഥാപിക്കാന്‍ മോയ്‌സ് ശ്രമം നടത്തുന്നുവെന്നാണ് ആക്ഷേപം.

പ്രസിഡന്റിന്റെ കൊലപാതകം വെറുപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് പ്രതികരിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top