മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും ലിഗയുടേതല്ലാത്ത മുടിയിഴകള്‍ കണ്ടെത്തി

liga

തിരുവനന്തപുരം: വിദേശവനിത ലിഗ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് നിന്നും ഇവരുടേതല്ലാത്ത മുടിയിഴകള്‍ കിട്ടിയതായാണ് വിവരം. ഈ മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഇവ ആരുടേതാണെന്ന് കണ്ടെത്തിയാല്‍ കേസ് തെളിയിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. കൂടാതെ വാഴമുട്ടത്ത് നിന്നും രണ്ട് ഫൈബര്‍ ബോട്ടുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ ബോട്ടിലാണോ ലിഗയെ ഇവിടേക്ക് കൊണ്ടുവന്നതെന്ന സംശയത്തിലാണ് പൊലീസ്.

അതേസമയം, ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് അറിയിച്ചിരുന്നു. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പീഡന ശ്രമത്തിനിടെ മല്‍പ്പിടുത്തത്തില്‍ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലിഗയുടെ കഴുത്തിലെ ഞരമ്പുകളില്‍ ക്ഷതമേറ്റിട്ടുണ്ടെന്നും രക്തം കട്ടപിടിച്ചിട്ടുമുണ്ടെന്നും കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ. ഇതാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചതെന്നും കമ്മിഷണര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതിന് മുമ്പ് കോവളത്ത് വിദേശവനിതകളെ ഉപദ്രവിച്ച ഒരു പുരുഷ ലൈംഗിക തൊഴിലാളി, സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന യോഗ അദ്ധ്യാപകന്‍ എന്നിവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി യോഗ അദ്ധ്യാപകന്‍ കോവളത്ത് ഇല്ലായിരുന്നു.

സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്നതാണ് ഇയാളെ സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ഒരു ഓവര്‍കോട്ട് പൊലീസ് കണ്ടെടുത്തിരുന്നു. പോത്തന്‍കോട് നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയ ലിഗ ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്ന് ഡ്രൈവര്‍ ഷാജി മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ലിഗയുടെ മരണത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ ഗൈഡുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Top