ഭീകരസംഘടനയായി പ്രഖ്യാപിച്ച മില്ലി മുസ്ലിം ലീഗിനു ഹാഫീസ് സയീദ് പ്രചാരണം തുടങ്ങി

hafis

ലാഹോര്‍: അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച മില്ലി മുസ്ലിം ലീഗിനു വേണ്ടി മുംബൈ ഭീകരാക്രമണക്കേസിന്റെ ആസൂത്രകന്‍ ഹാഫീസ് സയീദിന്റെ നേതൃത്വത്തില്‍ പ്രചാരണ പരിപ്പാടിക്കിറങ്ങി. പാക്കിസ്ഥാനില്‍ ഈ വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മില്ലി മുസ്ലിം ലീഗ്(എംഎംഎല്‍) രൂപീകരിച്ചത്.

ലഹോറില്‍ നിന്നു 400 കിലോമീറ്റര്‍ അകലെയുള്ള ഹറൂനാബാദില്‍ സംഘടിപ്പിച്ച റാലിയോടെയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. മുന്‍ സൈനിക ഏകാധിപതി മുഹമ്മദ് സിയാ ഉള്‍ ഹഖിന്റെ മകന്‍ ഇജാസുല്‍ ഹസും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഭീകരസംഘടന ജമാ അത്തുദ്ദവയുടെ രാഷ്ട്രീയ സംഘടനയാണ് മില്ലി മുസ്ലിം ലീഗ്. എന്നാല്‍ ഇതുവരെ എംഎംഎല്‍ പാക്ക് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞമാസം എംഎംഎല്ലിനെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. എംഎംഎല്‍ രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും ലഷ്‌കര്‍ ഇ ത്വയ്ബയുടെ ആശയങ്ങളും നയങ്ങളും പ്രചരിപ്പിക്കാനുള്ള സഖ്യകക്ഷി മാത്രമാണെന്നുമായിരുന്നു അമേരിക്കയുടെ കണ്ടെത്തല്‍.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ എന്‍എ-120 മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എംഎംഎല്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ എംഎംഎല്‍ സ്ഥാനാര്‍ഥി ശൈഖ് യാക്കുബിന് 6,000 വോട്ടും ലഭിച്ചിരുന്നു.

Top