തുര്‍ക്കിയുടെ ആദ്യ വനിതാ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിതയായി ഹഫീസ് എര്‍കാന്‍

അങ്കാറ: തുര്‍ക്കിയുടെ ചരിത്രത്തിലെ ആദ്യ വനിതാ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി സാമ്പത്തിക വിദഗ്ധയായ ഹഫീസ് ഗയെ എര്‍കാന്‍. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് പ്രഖ്യാപനം നടത്തിയത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റെ മുന്‍ സഹ സി.ഇ.ഒയും ഗോള്‍ഡ്മാന്‍ സാച്ച്സില്‍ മാനേജിങ് ഡയരക്ടറുമായിരുന്നു ഹഫീസ് ഗയെ എര്‍കാന്‍.

സഹപ് കവ്സിയോഗ്ലുവായിരുന്നു ഇതുവരെ തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍. പണപ്പെരുപ്പം തടയാനായി പലിശനിരക്ക് കുറയ്ക്കുകയായിരുന്നു സഹപ് ചെയ്തത്. വിദേശരാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ കൈക്കൊണ്ട നയത്തില്‍നിന്നു വ്യത്യസ്തമായിരുന്നു ഇത്. എന്നാല്‍, തുര്‍ക്കി സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തില്‍ കൂടുതല്‍ സാമ്പ്രദായിക സാമ്പത്തിക നയങ്ങളിലേക്ക് പുതിയ ഉര്‍ദുഗാന്‍ ഭരണകൂടം നീങ്ങുന്നതിന്റെ സൂചനയായാണ് ഇപ്പോള്‍ എര്‍കാനിന്റെ നിയമനത്തെ വിലയിരുത്തപ്പെടുന്നത്.

തുര്‍ക്കി പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഉര്‍ദുഗാന്‍ പുതിയ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ പ്രഖ്യാപിച്ചത്. യു.എസ് നിക്ഷേപക കമ്പനിയായ മെറില്‍ ലിഞ്ചിലെ സാമ്പത്തിക വിദഗ്ധനായിരുന്ന മെഹ്മെത് സിംസെകിനെ പുതിയ ധനമന്ത്രിയായും തിരഞ്ഞെടുത്തിട്ടുണ്ട്. പണപ്പെരുപ്പം തടയാനായി മുന്‍ ഉര്‍ദുഗാന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്ന സാമ്പ്രദായികമല്ലാത്ത സാമ്പത്തിക നയങ്ങളുടെ വിമര്‍ശകനായിരുന്നു സിംസെക്.

ഇസ്താംബൂളിലെ ബൊഗാസിച്ചി സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹഫീസ് എര്‍ഗാന്‍ യു.എസിലെ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്ങിലായിരുന്നു ഗവേഷണം.

Top