ഷെഫിന്‍ ജഹാന്‍ തീവ്രവാദി തന്നെ ; നിയമപോരാട്ടം തുടരുമെന്ന് ഹാദിയയുടെ അച്ഛന്‍

Hadiya's father Asokan

ന്യൂഡല്‍ഹി : ഷെഫിന്‍ ജഹാന്‍ തീവ്രവാദി തന്നെയാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍. ഒരു തീവ്രവാദിയുടെ കൂടെ മകളെ വിവാഹം കഴിപ്പിച്ച് വിടാന്‍ ഒരു പിതാവും ആഗ്രഹിക്കില്ലെന്നും അശോകന്‍ പറഞ്ഞു.

ഇത് അന്തിമവിധിയായി കാണുന്നില്ല. തട്ടിക്കൂട്ട് വിവാഹമെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അശോകന്‍ പറഞ്ഞു.

ഷെഫിന്‍ ജഹാന്‍ തീവ്രവാദിയാണെന്ന് കോടതിക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാവാം എന്‍ഐഎ അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അശോകന്‍ പറഞ്ഞു. സുപ്രീം കോടതി ഇന്ന് പുറപ്പെടുപ്പിച്ചിരിക്കുന്നത് പൂര്‍ണ വിധിയല്ല. വിവാഹം അസാധുവാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അന്വേഷണം ഇനിയും തുടരാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.കോടതിയുടെ വിധിയെ നമ്മള്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വീണ്ടും പരാതിയുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ വ്യക്തമാക്കി.

ഞാന്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുമ്പോള്‍ തന്റെ മകള്‍ വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍, കോടതി നിര്‍ദേശ പ്രകാരം ഹാദിയയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹാദിയ വിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു തട്ടിക്കൂട്ട് വിവാഹമാണെന്നും അശോകന്‍ ആരോപിച്ചു.

എന്‍ഐഎ അന്വേഷണം തുടരണമെന്നും ഹാദിയയോട് പഠനം തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ താന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ പറഞ്ഞു.

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

Top