ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ,ജയദീപ് ഗുപ്ത കോടതിയില്‍ ഹാജരാകും

Hadiya case-the state government changed the lawyer

ന്യൂഡല്‍ഹി : ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി ഗിരിയെ ആണ് കേസില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയത്. ഗിരിയ്ക്ക് പകരം മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ഹാജരാകും.

വി ഗിരി സ്വയം മാറിയതാണോ അതോ അദ്ദേഹത്തെ മാറ്റിയതാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ തവണ ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച വാദത്തിനിടെ എന്‍ഐഎയുടെ വാദം കൂടി പരിഗണിച്ച ശേഷം തീരുമാനമെടുക്കണമെന്ന് വി ഗിരി കോടതിയില്‍ പറഞ്ഞത് വിവാദമായിരുന്നു.

ഹാദിയാ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയത്. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിനാണ് വിവാഹം കഴിച്ചതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വരും.

Top