“പ്രധാനമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ ജയിലിൽ കിടന്ന് മരിച്ചേനെ”; മോചിതരായ മുൻ നാവിക സേന ഉദ്യോ​ഗസ്ഥർ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കേണ്ടി വന്നേനേയെന്ന് ഖത്തറില്‍ നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോ?ഗസ്ഥര്‍. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ അമീര്‍ എന്നിവരോട് തീരാത്ത നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടില്ലായിരുന്നെങ്കില്‍ മോചനം സാധ്യമാകുമായിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. അതുകൊണ്ടാണ് ജീവനോടെ ഇവിടെ നില്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ഇവരെ വിട്ടയക്കാനുള്ള ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി.

എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ചത് വലിയ നയതന്ത്ര വിജയമായാണ് സര്‍ക്കാര്‍ കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ മോചനത്തിനായി വിദേശ കാര്യ മന്ത്രാലയും ഖത്തറുമായി നിരന്തര ചര്‍ച്ചയിലായിരുന്നു. ഡിസംബര്‍ ഒന്നിന് ഖത്തറിലെത്തിയ നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേര്‍ക്കാണ് മോചനം. ഇവരില്‍ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ആദ്യം വധശിക്ഷക്കാണ് വിധിച്ചത്. അപ്പീലില്‍ അത് ജയില്‍ ശിക്ഷയാക്കി കുറച്ചു. 25 മുതല്‍ മൂന്ന് വര്‍ഷം വരെയായിരുന്നു ശിക്ഷ. മലയാളിയായ രാഗേഷ് ഗോപകുമാറിന് മൂന്ന് വര്‍ഷമാണ് ശിക്ഷ വിധിച്ചത്.

Top