ആര്‍എസ്എസ് ഇല്ലെങ്കില്‍ ബംഗാള്‍,പഞ്ചാബ്,കാശ്മീര്‍ പാക്കിസ്താന്റെ സ്വന്തമായേനെ;യോഗി

ലക്‌നൗ : ഇന്ത്യയില്‍ ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശിലെ നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യോഗി. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയമസഭയില്‍ സംസാരിക്കുന്നതിന് എന്താണ് തെറ്റെന്നും അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു.

ഗായ്, ഗംഗ, ഗോ രക്ഷ വിഷയത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രണ്ടുദിവസം മുന്‍പ് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഗംഗ, യമുന നദികളിലെ ജലനിരപ്പ് താഴുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഈ നദികള്‍ നമ്മുടെ സ്വത്വമാണെന്നും അതു നഷ്ടപ്പെട്ടാല്‍ രാജ്യവും സംസ്‌കാരവും നഷ്ടപ്പെടുമെന്നും വ്യക്തമാക്കി. നമ്മള്‍ പശുവിന്റെയും ഗംഗാ നദിയുടെയും വിഷയം എടുത്തിടുന്നുവെന്നാണ് അവരുടെ പ്രശ്‌നം. എന്നാല്‍ ഗംഗ നമ്മുടെ അമ്മയാണ്. പശുവും അതുപോലെ തന്നെ.

രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു സംസാരിക്കുന്നത് തെറ്റാണ്. സര്‍ക്കാരില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്. ദേശീയഗാനത്തെ വര്‍ഗീയതയുമായി ബന്ധപ്പെടുത്താനാണു ചിലരുടെ ശ്രമം.

എന്നാല്‍ ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ജനങ്ങള്‍ മറന്നുപോകുമായിരുന്നു.64,000ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top