പാഠം പഠിച്ചു; രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ഇ ശ്രീധരൻ

ജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. മല്‍സരിച്ചതില്‍ നിരാശയില്ല, പലതും പഠിക്കാനായെന്നും ശ്രീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല. ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. ഇപ്പോൾ 90 വയസായി. ഈ പ്രായത്തിൽ ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയിൽ പല കാര്യത്തിലും തിരുത്തലുകൾ വേണം. തിരുത്തിയാലേ മാറ്റമുണ്ടാകൂ. നയങ്ങളിൽ മാറ്റം വരുത്തിയാൽ ബിജെപിക്ക് കേരളത്തിലും അധികാരത്തിലെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാടു നിന്നുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു ഇ.ശ്രീധരൻ.

Top