ഉന്നത ഉദ്യോഗസ്ഥരുടെ ഇമെയില്‍ അക്കൗണ്ടുകളും പാസ്‌വേഡുകളും വില്‍പ്പനയ്ക്ക് വച്ച് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: വിവിധ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, സി.എഫ്ഒമാര്‍, സി.എ.ഒമാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇമെയില്‍ അക്കൗണ്ടുകളും അവയുടെ പാസ്‌വേഡുകളും ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ അത് വില്‍പ്പന നടത്തുന്നു. ‘എക്‌സ്‌പ്ലോയിറ്റ്.ഇന്‍’ എന്ന് വിളിക്കപ്പെടുന്ന റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഹാക്കര്‍മാരുടെ രഹസ്യ ഫോറത്തിലാണ് ഇവ വില്‍ക്കുന്നത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍മാര്‍, പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, കമ്പനി ഡയറക്ടര്‍മാര്‍ പോലുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളാണ് വില്‍പ്പനയ്ക്കുള്ളത്. 7400 മുതല്‍ 1.1 ലക്ഷം രൂപ വരെയാണ് അക്കൗണ്ടുകളുടെ വില്‍പനയ്ക്ക് കണക്കാക്കിയിരിക്കുന്ന വിലകള്‍. കമ്പനിയുടെ വലുപ്പം, ഉദ്യോഗസ്ഥന്റെ സ്വാധീനം എന്നിവ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത് എന്ന് ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇവരില്‍ നിന്നും ലഭിച്ച രണ്ട് ഇമെയിലുകളും അവയുടെ പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സുരക്ഷാ ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകളിലെ ട്രൊജന്‍ മാല്‍വെയര്‍ ആക്രമണങ്ങളിലൂടെയാവാം ഇവ കൈക്കലാക്കുന്നതെന്നാണ് കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഇ മെയില്‍ അക്കൗണ്ടുകള്‍ ഴി ഹാക്കര്‍മാര്‍ പല രീതിയില്‍ പണമുണ്ടാക്കുന്നുണ്ടെന്ന് ത്രെട്ട് ഇന്റലിജന്‍സ് സ്ഥാപനമായ കെല (കെഇഎല്‍എ) പറയുന്നു. അത്തരം ബിസിനസ് ഇമെയില്‍ കോംപ്രമൈസ് (ബിഇസി) തട്ടിപ്പുകള്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഔദ്യോഗിക ഇ മെയില്‍ അക്കൗണ്ടുകള്‍ കൈക്കലാക്കാന്‍ സാധിക്കുന്നതോടെ ഫിഷിങ് ആക്രമണം, കബളിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ് പോലുള്ള ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കാനാവും.

Top