Hacker group Legion confirms insider details of Jayalalithaa’s death

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് പുതിയമാനം നല്‍കി ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ലോകപ്രശസ്ത ഹാക്കര്‍ ഗ്രൂപ്പ്.

എവിടെയും നുഴഞ്ഞ് കയറി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ലീജീയന്‍ ഗ്രൂപ്പാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

അപ്പോളോ ആശുപത്രിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചു പുറത്തുവന്നാല്‍ ഇന്ത്യയില്‍ കലാപം നടക്കുമെന്നാണ് ലീജിയന്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് ലീജിയന്‍ നിര്‍ണായകമായ വിവരം പുറത്തുവിട്ടത്.

വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. അപ്പോളോ ആശുപത്രിയിലെ സെര്‍വറില്‍നിന്നു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. ഞെട്ടിക്കുന്ന വിവരങ്ങളായതുകൊണ്ടു പുറത്തുവിടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പുറത്തുവന്നാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. ജനക്ഷേമത്തിനായാണ് ഹാക്കിംഗ് നടത്തുന്നത്. നേരത്തേ, രാഹുല്‍ ഗാന്ധിയുടെയും വിജയ് മല്യയുടെയും കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ഹാക്ക് ചെയ്തതും ലീജീയന്‍ ഗ്രൂപ്പാണ്. ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണു തങ്ങള്‍ ശ്രമിക്കുന്നത്. അതിനായി ജനങ്ങള്‍ പിന്തുണ നല്‍കണമെന്നും ലീജിയന്‍ ടീം അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

അടുത്ത ലക്ഷ്യം ലളിത് മോദിയുടെ വെബ്‌സൈറ്റാണ്. കള്ളന്‍മാരും കള്ളനു കഞ്ഞിവച്ചവന്‍മാരുമാണ് തങ്ങളുടെ ലക്ഷ്യത്തിലുള്ളത്. അവരെ പൊളിച്ചടുക്കുകയാണു വേണ്ടത്. ജയലളിതയുടെ മരണം സംബന്ധിച്ചു ദുരൂഹതയുയര്‍ന്നപ്പോഴാണ് തങ്ങള്‍ ചെന്നൈ അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തത്. ഇന്ത്യയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ലക്ഷ്യമിടാനും സംഘം പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ നാല്‍പതിനായിരം സെര്‍വറുകള്‍ ഹാക്ക് ചെയ്തതായും ലീജിയന്‍ അവകാശപ്പെട്ടു.

ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ ഉയര്‍ന്ന സംശയങ്ങള്‍ അവരുടെ മരണത്തോടെ ഇപ്പോള്‍ ബലപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ജയലളിതയെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. എഴുപത്തഞ്ചു ദിവസമാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

ആശുപത്രിയില്‍ പ്രവേശിപ്പച്ചതു മുതല്‍ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ആശുപത്രി പുറത്തുവിട്ടുകൊണ്ടിരുന്ന വാര്‍ത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് അറിയാനുള്ള ഏക മാര്‍ഗം. ഇതാണിപ്പോള്‍ ഹാക്കര്‍മാരുടെ വെളിപ്പെടുത്തലോടെ പുതിയതലത്തില്‍ എത്തിയിരിക്കുന്നത്. വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിടുമോയെന്ന് ഉറ്റുനോക്കുകയാണ് തമിഴകം.

ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ അനുമതി ഉണ്ടായിരുന്നത് തോഴി ശശികലക്കും ജയലളിതയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണനും മാത്രമായിരുന്നു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു എംഡിഎംകെ നേതാവ് വൈകോയും എഐഎഡിഎംകെ എംപി ശശികല പുഷ്പയും ആരോപിച്ചിരുന്നു. ഇതേ വാദമുന്നയിച്ച് നടി ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും നടന്‍ മന്‍സൂര്‍ അലിഖാന്‍ പത്രസമ്മേളനം വിളിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

Top