ഐഫോണ്‍ ഉപയോക്താക്കള്‍ സൂക്ഷിക്കുക; ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണിയുണ്ടെന്ന് ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകളാണ് ഹാക്കിങ് ഭീഷണിയുയര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

ആപ്പിള്‍ അധികൃതരെ പ്രശ്നം അറിയിച്ചുവെന്നും ഇത് പരിഹരിച്ചുവെന്നും ഗൂഗിള്‍ പ്രൊജക്ട് സീറോയിലെ ഗവേഷര്‍ ഒരു ബ്ലോഗ്പോസ്റ്റില്‍ പറഞ്ഞു. ഫയലുകള്‍, സന്ദേശങ്ങള്‍, തത്സമയ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വെബ്സൈറ്റുകള്‍ക്ക് സാധിക്കും. ഐഫോണ്‍ ഉപയോക്താക്കളുടെ തത്സമയ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതുവഴി സാധിച്ചിരുന്നു. വര്‍ഷങ്ങളായി ഈ വെബ്സൈറ്റുകള്‍ യാതൊരു വിവേചനവുമില്ലാതെയാണ് മാല്‍വെയറുകള്‍ പ്രചരിപ്പിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു.

അടുത്തിടെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്) ഹാക്ക് ചെയ്യപ്പെട്ട ഒരു കൂട്ടം വെബ്സൈറ്റുകള്‍ കണ്ടെത്തിയിരുന്നു. ഐഫോണ്‍ ഉപയോഗിച്ച് ഈ വെബ്സൈറ്റുകളിലെത്തിയ സന്ദര്‍ശകരാണ് ഹാക്കിങിന് ഇരയായിരുന്നത്. ഐഫോണ്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍ സംഘം നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതിനുള്ള സൂചനയാണ് ഇതില്‍ നിന്നും ലഭ്യമാകുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Top