കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; ചൈന ലോകഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ?

ബെയ്ജിംഗ്: കൊറോണ വൈറസിന് പിന്നാലെ ചൈനയെ തകര്‍ക്കാന്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നു. രാജ്യത്ത് പക്ഷിപ്പനിയായ എച്ച്5എന്‍1 വൈറസ് കണ്ടെത്തിയതായി ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്.

വുഹാന്‍ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ ഹുബെയ് പ്രവിശ്യയുടെ അയല്‍പ്രദേശമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച ഹുനാന്‍ പ്രവിശ്യ.

അതേസമയം, രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് നിലവില്‍ വരുന്ന വിവരം. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കൊറോണ വൈറസ് ചൈന വിട്ട് ലോകത്താകമാനം പടര്‍ന്നുപിടിക്കുകയാണ്. ചൈനയില്‍ മാത്രമായി 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ചൈനയില്‍ വെള്ളിയാഴ്ച പുതിയതായി 2590 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 14,380 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Top