ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ എച്ച്1എന്‍1 പടർന്ന് പിടിക്കുന്നു ; ജനങ്ങൾ ഭീതിയില്‍

ഗുജറാത്ത്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച്1എന്‍1 ഭീതിയില്‍. ഗുജറാത്തില്‍ ഈ വര്‍ഷം എച്ച്1എന്‍1 അഥവാ പന്നിപ്പനി ബാധിച്ച് മരിച്ചത് 208 പേരാണ്.

ഗുജറാത്ത് ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. ഉത്തര്‍പ്രദേശിലും 700റോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വായുവില്‍ കൂടി പടരുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യുന്ന എച്ച്1എന്‍1 ബാധിതരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഗുജറാത്തില്‍ മാത്രം ഈ വര്‍ഷം എച്ച്1എന്‍1ന് ചികിത്സ തേടിയവര്‍ 1883 പേരാണ്. 1305 പേര്‍ ഈ മാസം മാത്രം ചികിത്സ തേടി.

ഗുജറാത്ത് ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം 994 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്തെ പനി ബാധിതരെ കണ്ടെത്തുന്നതിനും ചികിത്സ നല്‍കുന്നതിനുമായി 17000 ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

5000 ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് ജില്ലാ തലത്തില്‍ സംഘങ്ങള്‍ രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

രോഗബാധ തടയാന്‍ സ്കൂളുകളിലെ അസംബ്ലിക്കും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top