കോഴിക്കോട് എച്ച് 1 എന്‍ 1; 24 മണിക്കൂര്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് എച്ച് 1 എന്‍ 1 പടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് പനി സ്ഥിരീകരിച്ചത്.

കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രത്യേക പനി ക്ലിനിക്കുകളും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കിടത്തി ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതിനുള്ള സംവിധാനങ്ങളും ഒരുക്കുമെന്ന് ഡിഎംഒ അറിയിച്ചു.

അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. കൂടാതെ പുതുതായി പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.

നിലവില്‍ കണ്ടെത്തിയ രോഗികളില്‍ തൊണ്ണൂറ് ശതമാനം പേരും അപകട സാധ്യത വളരെ കുറഞ്ഞവരാണ്. അതിനാല്‍ രോഗം ഭേദമാകുന്നത് വരെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നും സഹായ പരിചരണവും സ്വീകരിച്ച് വീടുകളില്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ആനയാംകുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലാണ് പനി പടര്‍ന്നു പിടിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്‌കൂളിലെ 13 അധ്യാപകരടക്കം 176 പേര്‍ക്കാണ് പനി ബാധിച്ചത്. പനിബാധയുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കിയിരുന്നു .ആദ്യം പനി വന്നത് സ്‌ക്കൂളിലെ അധ്യാപികയ്ക്കാണ്. തുടര്‍ന്നാണ് പനി മറ്റുള്ളവരിലേക്ക് പകര്‍ന്നത്.

Top