എച്ച് 1 ബി വിസ : ഇന്ത്യ – അമേരിക്ക കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കും

വാഷിംങ്ടണ്‍: എച്ച് 1 ബി വിസ പ്രക്രിയകളില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ് ഭരണകൂടം. വിസ നടപടികള്‍ കര്‍ക്കശമാക്കാനാണ് യുഎസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എച്ച് 1 ബി വിസ യുഎസ് തൊഴിലാളികള്‍ക്കും അവരുടെ വേതനത്തിനും ദോഷകരമാവില്ലെന്ന് ഉറപ്പു വരുത്താന്‍ വിശാലമായ അവലോകനമാണ് നടത്തുന്നത്. ഇന്ത്യ- അമേരിക്ക കൂടിക്കാഴ്ച അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടം പ്രസ്താവന ഇറക്കിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമെന്നാണ് കരുതുന്നത്. വിവിധ ഫോറങ്ങളില്‍ ഈ വിഷയം തങ്ങള്‍ ഇതിനകം ഉയര്‍ത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം രാജ്യസഭയില്‍ സുഷമ സ്വരാജ് അറിയിച്ചിരുന്നു. വൈറ്റ് ഹൗസിന് മുമ്പാകെയും ഈ വിഷയം അവതരിപ്പിച്ചിരുന്നുവെന്നും സെപ്റ്റംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ – അമേരിക്ക ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ത്തുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എച്ച് വണ്‍ ബി വിസയുടെ പ്രീമിയം പ്രോസസിങ്ങിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അമേരിക്ക വീണ്ടും നീട്ടിയിരുന്നു. പ്രത്യേക ഫീസടച്ച്, വീസ നടപടികള്‍ ലഘൂകരിക്കുന്ന സമ്പ്രദായമാണ് പ്രീമിയം പ്രോസസിംഗ്. പ്രീമീയം പ്രോസസിങ്ങിലൂടെ നിരവധി കമ്പനികള്‍ തങ്ങളുടെ റിക്രൂട്‌മെന്റ് വേഗത്തിലാക്കിയിരുന്നു.

എന്നാല്‍ വിസ അപേക്ഷകള്‍ കുന്നുകൂടുന്നത് തടയുന്നതിനുവേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ പ്രീമിയം പ്രോസസിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. 2019 ഫെബ്രുവരിവരെ നിയന്ത്രണം തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്.

Top