ഗ്യാന്‍വ്യാപി കേസ്; സുന്നി വഖഫ് ബോര്‍ഡും ഹൈക്കോടതിയില്‍

ദില്ലി: ഗ്യാന്‍വ്യാപി കേസില്‍ വാരാണസി കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോര്‍ഡ്അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ആര്‍ക്കിയോളജിക്കല്‍ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടന്‍ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. നിയമങ്ങള്‍ ലംഘിച്ച് കൊണ്ടാണ് ജില്ലാ കോടതി ഉത്തരവെന്ന് ബോര്‍ഡ് വാദിക്കുന്നു. ഗ്യാന്‍വ്യാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മറ്റിയും കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ കാശി വിശ്വനാഥ ക്ഷേത്ര വിശ്വാസികള്‍ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്. വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ ഗ്യാന്‍വ്യാപി മസ്ജിദ് മാനേജുമെന്റ് സമിതി നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് കാശിവിശ്വനാഥ ക്ഷേത്ര വിശ്വാസികള്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. കാശി വിശ്വനാഥ ക്ഷേത്രം പിടിച്ചെടുത്ത് മുഗള്‍ ഭരണകാലത്ത് 1664ല്‍ ഔറങ്കസേബ് ഗ്യാന്‍വ്യാപി മസ്ജിദ് നിര്‍മ്മിച്ചു എന്നായിരുന്നു ആരോപണം.

ക്ഷേത്ര വിശ്വാസിയായ അഭിഭാഷകന്‍ വി എസ് റസ്‌തോഗിയുടെ ഈ വാദം അംഗീകരിച്ചാണ് കഴിഞ്ഞ ആഴ്ച വാരാണസി ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ പരിശോധനക്ക് ഉത്തരവിട്ടത്. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന ഹര്‍ജിയിലെ ആരോപണം പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം.

ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ കാശി ക്ഷേത്ര വിശ്വാസികളും തടസ്സഹര്‍ജി നല്‍കിയതോടെ കേസ് ഹൈക്കോടതിയിലേക്ക് എത്തുകയാണ്. 1947ന് ശേഷം തല്‍സ്ഥിതി തുടരണം എന്നതാണ് നിയമം എന്നിരിക്കെ, ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വാരാണസി ജില്ലാ കോടതി സര്‍വ്വേക്കുള്ള ഉത്തരവിട്ടതെന്നാണ് മസ്ജിദ് മാനേജുമെന്റ് കമ്മിറ്റിയുടെ വാദം. ഇത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതാണ്.

 

Top