ഗുവാഹത്തിയില്‍ ആരാധനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവ് ഇനി മുതല്‍ നിശബ്ദ മേഖല

ദിസ്പൂര്‍: അസമിലെ ഗുവാഹത്തിയില്‍ ആരാധനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവ് നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു.

അമ്പലങ്ങള്‍, മുസ്‌ലിം പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരദ്വാരകള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവാണ് നിശബ്ദ മേഖലയായി പ്രഖ്യാപിച്ചത്. ആരാധനാലയങ്ങള്‍ കൂടാതെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവും നിശബ്ദ മേഖലകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആരാധനാലയങ്ങളില്‍ മൈക്രോഫോണും ലൗഡ്‌സ്പീക്കറും ഉപയോഗിക്കുന്നതിനെക്കുറിച്ച് വിജ്ഞാപനത്തില്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് കാമരൂപ് മെട്രോ ജില്ലാ മജിസ്‌ട്രേറ്റ് അനഗമുത്തുവിനെ ഉദ്ധരിച്ച് ദ സണ്‍ഡെ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അസം സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് വിജ്ഞാപനമിറക്കിയത്.

ശബ്ദ മലിനീകരണ നിയന്ത്രണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു പ്രകാരം സംസ്ഥാന സര്‍ക്കാറിന് പ്രദേശങ്ങളെ വ്യവസായ, വാണിജ്യ, റെസിഡന്‍ഷ്യല്‍, നിശബ്ദ മേഖലകളായി തിരിച്ച് ശബദത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്താം. ശബ്ദ രഹിതമായി വിജ്ഞാപനം ചെയ്ത മേഖലകളിലെ ശബ്ദ മലിനീകരണത്തെക്കുറിച്ച് മാസം തോറും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ മജിസ്‌ട്രേറ്റ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് അസം സര്‍ക്കാറിന്റെ നടപടി. മുസ്ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ”എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും” എന്നായിരുന്നു സോനുവിെന്റ ട്വീറ്റ്.

അതേസമയം സോനിവിന്റെ വാദം തെറ്റാണെന്ന് ബി.ബി.സി കണ്ടെത്തിയിരുന്നു. സോനുവിന്റെ അന്ധേരിയിലെ വേഴ്‌സോവയിലുള്ള വസതിക്ക് സമീപം മുസ്‌ലിം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി കേള്‍ക്കില്ലെന്നായിരുന്നു ബി.ബി.സി റിപ്പോര്‍ട്ട്.

എന്നാല്‍ അന്ധേരിയിലെ മില്ലത്ത് നഗറിലുള്ള സോനു നിഗത്തിന്റെ വസതിയില്‍ ബാങ്ക് വിളി കേള്‍ക്കാമെന്ന് ക്വിന്റ് വെബ്‌സൈറ്റ് കണ്ടെത്തിയിരുന്നു.

Top