പൗരത്വ നിയമ ഭേദഗതി ; പ്രതിഷേധങ്ങള്‍ക്ക് ശമനം, അസമില്‍ കര്‍ഫ്യൂവില്‍ ഇളവ്‌

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പ്രതിഷേധങ്ങള്‍ക്ക് ശമനമായതോടെ അസമില്‍ കര്‍ഫ്യൂവില്‍ ഇളവ്‌. വൈകിട്ട് നാല് മണി വരെയാണ് കര്‍ഫ്യൂവിന് ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ ഗുവാഹത്തിയിലെ സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇന്ന് രംഗത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭങ്ങള്‍ അവസാനിക്കില്ലെന്നും അസാമുകാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാണ് പ്രക്ഷോഭങ്ങളെന്നും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് സമോജ്വല്‍ ഭട്ടാചാര്യ പറഞ്ഞു. അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡിസംബര്‍ 18ന് ജോലി ചെയ്യാതെ സമരത്തിന് ഇരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കനത്ത പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമ ബംഗാളില്‍ നടക്കുന്നത്.ബംഗാളില്‍ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയില്‍വേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകര്‍ തീയിട്ടത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം നല്‍കിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് അക്രമ സ്വഭാവത്തിലുള്ള പ്രതിഷേധം നടന്നത്. എന്നാല്‍ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.

നാളെ സമാധാന റാലികള്‍ നടത്താന്‍ മമതാ ബാനര്‍ജി ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍, പൗരത്വ നിയമഭേദഗതിയില്‍ മാറ്റം ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

Top