ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ദേവസ്വം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബാങ്ക് ക്ലാര്‍ക്ക് ഗുരുവായൂര്‍ പൂക്കോട് ആല്‍ക്കല്‍ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയില്‍ പി.ഐ. നന്ദകുമാര്‍ (56) ആണ് അറസ്റ്റിലായത്. പ്രതിയെ ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു.

കണക്കില്‍പ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. ക്ഷേത്രത്തില്‍ നിന്ന് വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കില്‍ അടയ്‌ക്കേണ്ട ചുമതല പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലാര്‍ക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാള്‍ തിരിമറി നടത്തിയത്.

2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയെത്തുടന്നാണ് ടെംപിള്‍ പൊലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തില്‍ നല്‍കുന്ന രശീതിയില്‍ ഒരു തുകയും ബാങ്കില്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു തുകയുമാണ് ഇയാള്‍ രേഖപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

 

 

Top