ഗുരുവായൂർ ദേവസ്വം ബോർഡ് പിരിച്ചു വിടണം, കാണിച്ചത് തെമ്മാടിത്തരം

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആ കടമ ഭക്തജനങ്ങളാണ് നിര്‍വഹിക്കേണ്ടത്. അത്യന്തം ദ്രോഹപരമായ നിലപാടാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി. വാഹനമായ ഥാര്‍ എന്തിനു വേണ്ടി ലേലം ചെയ്യാന്‍ വെച്ചു എന്നതിനാണ് ആദ്യം ദേവസ്വം ഭരണസമിതി മറുപടി പറയേണ്ടത്.

ആനന്ദ് മഹീന്ദ്ര ഗുരുവായൂരപ്പന് നല്‍കിയ വാഹനം ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്. അതല്ലാതെ കച്ചവടത്തിന് വച്ചത് ആരുടെ താല്‍പര്യ പ്രകാരമാണ് എന്നതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയണം. ഈ നിര്‍ദ്ദേശം ആര് വച്ചാലും അയാളെ ദ്രോഹിയായി മാത്രമേ കാണാന്‍ പറ്റൂ. ലേലത്തില്‍ ആര്‍ക്കു വേണ്ടിയും പങ്കെടുക്കാമെന്ന സ്ഥിതി വന്നതോടെ മറ്റൊരു സമുദായത്തിലെ അംഗത്തിനാണ് ഥാര്‍ സ്വന്തമായിരിക്കുന്നത്. ഇത് ഭക്തജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്. വിശ്വാസികളുടെ ഹൃദയത്തിലാണ് ദേവസ്വം ഭരണസമിതി മുറിവേല്‍പ്പിച്ചിരിക്കുന്നത്.

ബഹ്‌റിനിലുള്ള പ്രവാസി വ്യവസായിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തില്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. വലിയ വില നല്‍കാതെ അടിസ്ഥാന വിലക്കു തന്നെ വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞത് പ്രവാസി വ്യവസായിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ പോലും ഇതേ മോഡല്‍ വാഹനം ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അത്രയ്ക്കും ഡിമാന്റുള്ള വാഹനമാണിത്.

വാഹനത്തിന്റെ ലേലം ഇങ്ങനെ അവസാനിച്ചതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ വാഹനം കൈമാറുന്നതില്‍ സങ്കീര്‍ണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹന്‍ദാസ് ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആള്‍ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കിയതാണ് ദേവസ്വം ബോര്‍ഡിന്റെ പ്രശ്‌നം. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. ഇതും തെറ്റായ നിലപാടാണ്. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ വ്യക്തി കോടതിയെ സമീപിച്ചാല്‍ അദ്ദേഹത്തിനാണ് നിയമപരമായ പരിരക്ഷ ലഭിക്കുക എന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ലേലത്തില്‍ വാഹനം നേടിയ ശേഷം ഥാര്‍ 25 ലക്ഷം രൂപയ്ക്കും വാങ്ങാന്‍ ഒരുക്കമായിരുന്നു എന്ന് പ്രവാസി വ്യവസായിയുടെ
പ്രതിനിധിയായി എത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ദേവസ്വം വാഹനം വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചിരിക്കുന്നത്. ഈ നിലപാട് അംഗീകരിക്കാന്‍ വാഹനം ലേലത്തില്‍ പിടിച്ച വ്യക്തിയും തയ്യാറായിട്ടില്ല. ഭരണസമിതി യോഗം ചേര്‍ന്ന ശേഷമായിരിക്കും ഇനി ലേലം അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ എന്നാണ് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്. അതായത് നിയമ പോരാട്ടം ഉറപ്പെന്ന് വ്യക്തം.

ഡിസംബര്‍ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായായി നല്‍കിയിരുന്നത്. ഇന്ത്യയിലെ വാഹന വിപണിയില്‍ തരംഗമായി മാറിയ ഥാര്‍ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് നിര്‍മാതാക്കള്‍ ഗുരുവായൂരപ്പന് കാണിക്കായി സമര്‍പ്പിച്ചത്. ചുവപ്പ് നിറത്തിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നല്‍കിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഒരുക്കിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. നല്ല ഉദ്ദേശത്തില്‍ മഹീന്ദ്ര സമര്‍പ്പിച്ചത് ഇങ്ങനെ ലേലം വിളിച്ചതില്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ ഇനി ആരെങ്കിലും കാണിക്ക സമര്‍പ്പിക്കാന്‍ എത്തുമോ എന്ന ചോദ്യവും വളരെ പ്രസക്തമാണ്.

ഇത്തരമൊരു സാഹചര്യമുണ്ടാക്കിയ മുഴുവന്‍ പേരെയും പുറത്താക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഈ ഭരണ സമിതിക്ക് തുടരാന്‍ അവകാശമില്ല. എന്തും വിറ്റ് കാശാക്കാന്‍ മനസ്സുള്ളവന് പറ്റിയ സ്ഥലമല്ല ക്ഷേത്രങ്ങള്‍. ഗുരുവായൂരപ്പന്റെ ഭക്തരുടെ മനസ്സിനെ പോറല്‍ ഏല്‍പ്പിച്ച സംഭവമായി ഇതിനകം തന്നെ ഈ ലേലം വിളി മാറി കഴിഞ്ഞു. ക്ഷേത്രത്തിന് കാണിക്കയായി വച്ച വാഹനം അഹിന്ദുവിന് കൈമാറിയത് വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ക്ഷുദ്ര ശക്തികള്‍ക്ക് ആയുധം നല്‍കുന്ന ഇത്തരം നിലപാടുകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഏത് സമുദായത്തിന്റെ ആരാധനാലയങ്ങളിലായാലും ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ല. അവിടെ വിശ്വാസികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. മഹീന്ദ്ര ഈ വാഹനം നല്‍കിയത് ഗുരുവായൂരപ്പനാണ്. അതല്ലാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനല്ല. നെറികേട് കാണിച്ച ദേവസ്വം ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും പടിയടച്ച് പിണ്ഡം വയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇനി ചെയ്യേണ്ടത്. ഗുരുവായൂരപ്പനും അതു തന്നെയാണ് ആഗ്രഹിക്കുന്നുണ്ടാവുക.

EXPRESS KERALA VIEW

Top