വിഷുക്കണി കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്

തൃശൂര്‍: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി കേരളം ഇന്ന് വിഷു ആഘോഷിക്കുകയാണ്. വിഷുക്കണി കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.34 മുതല്‍ 3.34 വരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനുള്ള അവസരം.

ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കായി ഒരുക്കിയിരിക്കുന്നത്.

രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹനന്റെ നേതൃത്വത്തില്‍ മേളം അകമ്പടിയായുണ്ടാകും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.

അതേസമയം വിഷുക്കണി ദര്‍ശന പുണ്യം തേടി ആയിരങ്ങളാണ് ശബരിമല സന്നിധാനത്തെത്തിയത്. മലയാളികളും അന്യ സംസ്ഥാനക്കാരുമായ ഭക്തരുടെ വന്‍തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടവും നല്‍കി.

Top