ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കി പ്രവാസി അമല്‍ മുഹമ്മദ് അലി

ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ 15.10 ലക്ഷം രൂപയ്ക്കു പൊതു ലേലത്തില്‍ ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരന്‍ അമല്‍ മുഹമ്മദ് അലി സ്വന്തമാക്കി.

ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്‌ക്കേണ്ടി വരും.

മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് കാര്‍. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നല്‍കിയത്. ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് 21ന് ചേരുന്ന ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കും.

Top