എസ്.പി.എസ് ചമഞ്ഞ് വലിയ തട്ടിപ്പ്; തൃശൂരിൽ യുവാവ് പിടിയിലായി

തൃശൂര്‍: ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് അമ്മയും കശ്മീരിലെ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് മകനും ചേര്‍ന്ന് ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഇതിന് പുറമെ സൗഹൃദം സ്ഥാപിച്ച് ബാങ്ക് മാനേജര്‍ അടക്കമുള്ളവരെയും പറ്റിച്ചു.

തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍ ശ്യാമളയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ പിടിയിലായത്. ഇവരുടെ മകന്‍ വിപിന്‍ കാര്‍ത്തിക് രക്ഷപ്പെട്ടു. ഗുരുവായൂര്‍ ടെമ്പിള്‍ സിഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പോലീസ് സ്റ്റേഷനുകളില്‍ ഐപിഎസ് ചമഞ്ഞു ശിപാര്‍ശയ്ക്കു സമീപിച്ചതിനെ തുടര്‍ന്നു സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണു അമ്മയുടേയും മകന്റെയും തട്ടിപ്പ് പുറത്തുവരുന്നത്. കാന്‍സര്‍ ചികിത്സയ്‌ക്കെന്ന പേരില്‍ ഗുരുവായൂര്‍ ഐഒബി മാനേജര്‍ സുധയുടെ 97 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

വിപിന്‍ ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയില്‍ എസ്പിയാണെന്നും അമ്മ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണെന്നും പറഞ്ഞാണു ബാങ്കുകളെ സമീപിക്കുന്നത്. വീടു മാറുന്നതിനനുസരിച്ച് ആധാര്‍ കാര്‍ഡുകള്‍ മാറ്റി ഇവര്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കും. ഐപിഎസ് യൂണിഫോമിലെ ഫോട്ടോയാണു ബാങ്കുകളില്‍ നല്‍കിയത്.

മകന്റെയും അമ്മയുടേയും സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഗുരുവായൂരിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ നല്‍കി 12 കാര്‍ വായ്പകളാണ് ഇവര്‍ തരപ്പെടുത്തിയത്. ബാങ്കുകളെ വിശ്വാസത്തിലെടുക്കാന്‍ മറ്റു ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങളും നല്‍കിയിരുന്നു. ലോണിലെടുത്ത കാറുകള്‍ പിന്നീട് വില്പന നടത്തുകയും കാര്‍ ലോണ്‍ അടച്ചുതീര്‍ത്തതായുള്ള വ്യാജ രേഖയുണ്ടാക്കി ആര്‍ടി ഓഫീസില്‍നിന്ന് ലോണ്‍ കാന്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. 12 കാറുകളും ഇവര്‍ വില്പന നടത്തിയെന്നാണു വിവരം.

തിരുവനന്തപുരം, നാദാപുരം, തലശേരി, കോട്ടയം, കളമശേരി, എറണാകുളം, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇരുവരും തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ മാനേജരുടെ 97 പവന്‍ സ്വര്‍ണവും 30 ലക്ഷത്തോളം രൂപയും തട്ടിയെടുത്തെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. സംഭവത്തില്‍ ശ്യാമള വേണുഗോപാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Top