Gurudasan Never receive any bribe to anyone, says Vellappally

തിരുവനന്തപുരം: ഒരു ബാറുകാരന്റെ അടുത്തുനിന്നും ചില്ലിക്കാശ് വാങ്ങാത്ത സംശുദ്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് മുന്‍ എക്‌സൈസ് മന്ത്രി പി.കെ. ഗുരുദാസനെന്ന് വെള്ളാപ്പള്ളി നടേശന്‍.

ഇത്രയും സത്യസന്ധനായ ഒരു എക്‌സൈസ് മന്ത്രിയും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍ കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചോര കുടിക്കാന്‍ താനല്ല ആരുവിചാരിച്ചാലും നടക്കില്ല. കേരളത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഏറ്റവും വലിയ പാര്‍ട്ടിയായി നേട്ടമുണ്ടാക്കുക സിപിഎം ആയിരിക്കുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടില്ല. തൂക്ക് ഭരണമായിരിക്കും വരിക. കുതിരക്കച്ചവടത്തിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ താനില്ലെന്നും അതിനേക്കാള്‍ വലിയ സ്ഥാനത്താണ് താന്‍ ഇപ്പോള്‍ ഇരിക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി വ്യക്തമാക്കി.

സമത്വ മുന്നേറ്റയാത്ര നീതിക്ക് വേണ്ടിയുള്ള യാത്രയാണ്. ഞങ്ങളുടെ സാന്നിധ്യം വഴി അഞ്ചുവര്‍ഷം കൂടി ഭരിക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിയതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ എതിരായി രംഗത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് ബിജെപിക്ക് വളരെ വലിയ വളര്‍ച്ചയാണ് ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ അവരുടെ വിജയത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്കല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ന്യൂനപക്ഷ പ്രീണനം സഹികെട്ടാണ് ഭൂരിപക്ഷ സമുദായക്കാര്‍ വോട്ടുചെയ്തത്. നെഗറ്റീവ് വോട്ടുകളും കുറേയേറെ കിട്ടിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top