gurmehar kaur pulls out protest aganist abvp march tweets all i can take

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗര്‍ എ.ബി.വി.പിക്കെതിരായ ക്യാംപയ്‌നില്‍ നിന്നും പിന്മാറി.ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കൗര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാംജാസ് കോളജില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ) നടത്താനിരുന്ന മാര്‍ച്ചില്‍ താന്‍ പങ്കെടുക്കില്ല.
താന്‍ പറയാനുള്ളത് പറഞ്ഞുവെന്നും തന്നെ ഒറ്റക്ക് വിടാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കൗര്‍ വ്യക്തമാക്കി.

ക്യാംപയ്ന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണെന്നും തന്നിലേക്ക് കേന്ദ്രീകരിക്കരുതെന്നും മാര്‍ച്ചില്‍ എല്ലാവരും പങ്കെടുക്കണമെന്നും അവര്‍ വ്യക്തമാക്കി. തന്റെ ധൈര്യത്തെ ചോദ്യം ചെയ്യുന്നവരോട് പറയാനുള്ളത്; തനിക്ക് ഇരുപതാം വയസ്സില്‍ ചെയ്യാന്‍ സാധ്യമായതിനേക്കാള്‍ കൂടുതല്‍ താന്‍ ചെയ്തുവെന്നാണ്.

മാര്‍ച്ച് നടത്തേണ്ടത് അവിടുത്തെ വിദ്യാര്‍ഥികളാണ്. ഞാനല്ല. കൂടുതല്‍ പേര്‍ പങ്കെടുത്തു പ്രതിഷേധം വിജയിപ്പിക്കണം. എല്ലാവര്‍ക്കും ആശംസകളെന്നും കൗര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരുകൂട്ടം പോസ്റ്റുകള്‍ തുടര്‍ച്ചയായി ഇട്ടാണ് ഗുര്‍മേഹര്‍ നിലപാടു വ്യക്തമാക്കിയത്.

എ.ബി.വി.പിക്കെതിരായ ക്യാംപയിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാല ശ്രീറാം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ കൗറിന് നേരെ കനത്ത സൈബര്‍ ആക്രമണമാണ് നടന്നത്. കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇന്നലെ കൗറിന് പൊലീസ് സംരക്ഷണം ലഭിച്ചിരുന്നു. ഗുര്‍മെഹറിനെ കളിയാക്കിയും വിമര്‍ശിച്ചും ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ ചിത്രവും ദാവൂദ് ഇബ്രാഹീമിന്റെ ചിത്രവും ചേര്‍ത്തുവെച്ച് ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

രാംജാസ് കോളജില്‍ നടന്ന എ.ബി.വി.പി ആക്രമണത്തിനെതിരെ വിദ്യാര്‍ഥിനി തുടങ്ങിവെച്ച ക്യാംപയിനാണ് പ്രകോപനത്തിന് കാരണം. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്, എനിക്ക് എ.ബി.വി.പിയെ ഭയമില്ല, ഞാന്‍ ഒറ്റക്കല്ല, രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്’, തുടങ്ങിയ വരികള്‍ എഴുതിവെച്ച പോസ്റ്റുമായി നില്‍ക്കുന്ന ചിത്രം ഗുര്‍മെഹര്‍ വെള്ളിയാഴ്ചയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലാണ് ഗുര്‍മെഹറിന്റെ പിതാവ് ക്യാപ്റ്റല്‍ മന്‍ദീപ് സിങ് കൊല്ലപ്പെട്ടത്.

Top