കലാപം അഴിച്ചു വിട്ട് ഗുര്‍മീത് അനുയായികള്‍ ; വാഹനങ്ങള്‍ക്ക് തീയിട്ടു

ചണ്ഡിഗഡ്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനു പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ദേര സച്ചാ സൗദ ആസ്ഥാനമായ സിര്‍സയില്‍ അനുയായികള്‍ സംഘര്‍ഷം അഴിച്ചുവിട്ടു.

ഫൂര്‍ക്കയില്‍ രണ്ടു കാറുകള്‍ക്ക് ഗുര്‍മീത് അനുയായികള്‍ തീയിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്.

ഇതിനെ തുടര്‍ന്ന്, ആയിരത്തിലധികം സൈനികരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം വഷളാകുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗുര്‍മീതിനെ കുറ്റക്കാരനാണെന്ന് പ്രസ്താവിച്ച വിധി പുറത്തുവന്നതിനു പിന്നാലെ ദേര സച്ചാ സൗദ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലുമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ അക്രമം നടത്തിയിരുന്നു.

വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളിലായി 38 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാന്‍ സുരക്ഷാ സേനാംഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി.

ചെറുസംഘങ്ങളായി റോഹ്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോഹ്തക്കില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Top