കോടതിയില്‍ മാപ്പപേക്ഷിച്ചും പൊട്ടിക്കരഞ്ഞും ആള്‍ ദൈവം; വിധി അല്പ സമയത്തിനകം

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിം വാദത്തിനിടെ കോടതിയില്‍ മാപ്പപേക്ഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.

കനത്ത സുരക്ഷയില്‍ സൈന്യത്തിന്റെയും പൊലീസിന്റെയും സുരക്ഷാവലയത്തില്‍ റോഹ്തകിലെ സുനാരിയ ജയിലിനകത്ത് തീര്‍ത്ത താല്‍ക്കാലിക കോടതിയിലാണ് വാദം. ഇരു വിഭാഗങ്ങള്‍ക്കും വാദത്തിനായി പത്ത് മിനിറ്റ് വീതം കോടതി അനുവദിച്ചിരുന്നു.

ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുര്‍മീത് സാമൂഹികപ്രവര്‍ത്തകനാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു ഗുര്‍മീതിന്റെ അഭിഭാഷകന്റെ വാദം.

കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 36 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാന, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, യു.പി സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top