ലക്ഷങ്ങളെ തെരുവിലിറക്കി സമ്മര്‍ദ്ദത്തിനു ശ്രമിച്ചിട്ടും ഗുര്‍മീതിന് എട്ടിന്റെ പണി കിട്ടി

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് അനുയായികളെ രംഗത്തിറക്കി ഉത്തരേന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുര്‍മീത് റാം റഹിം സിങ്ങ്‌ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് പഞ്ച്കുള സിബിഐ കോടതി.

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീതിന്റെ ശിക്ഷ 28 ന് പ്രഖ്യാപിക്കും. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഗുര്‍മീതിനെ അംബാല ജയിലിലേക്കു മാറ്റും, നിലവില്‍ ഇയാള്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധിപറഞ്ഞത്. പഞ്ചാബിലും ഹരിയാനയിലുമടക്കം ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഗുര്‍മീത്.

റാം റഹീം സിങ്ങിന് വിധി പ്രതികൂലമാണെങ്കില്‍ അക്രമങ്ങള്‍ നടക്കാനിടയുണ്ടെന്ന സാധ്യത പരിഗണിച്ച് ഹരിയാനയിലും പഞ്ചാബിലും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഇതേത്തുടര്‍ന്ന്, ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ സ്‌കൂളുകളും കോളേജുകളും 24, 25 തീയതികളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

35 പേരാണ് പൊലീസ് വെടിവയ്പിലും പ്രതിഷേധക്കാരുടെ ആക്രമണത്തിലുമായി ഇതുവരെ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

400 ഓളം പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ മിക്കവരും അതീവ ഗുരുതരാവസ്ഥയിലാണ്.

നാശനഷ്ടങ്ങളുടെ കണക്ക് രാജ്യത്ത് അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത തരത്തില്‍ ഉയരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ആക്രമണം ഇപ്പോള്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. സൈന്യം രംഗത്തിറങ്ങിയിട്ടും ആക്രമണകാരികള്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ്. വെടിവെയ്പിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.

2002-ലാണ് റാം റഹീം സിങ്ങിനെതിരെ കേസെടുക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്.

15 വര്‍ഷം മുമ്പുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തിയിട്ടുള്ളത്.

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് ബലാത്സംഗ വിവരം പുറത്തറിഞ്ഞത്.

കത്തിന്റെ അടിസ്ഥാനത്തില്‍ ദേരാ തലവനെതിരെ ലൈംഗിക പീഡനക്കേസെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ബലാത്സംഗ ആരോപണം ആവര്‍ത്തിച്ചു.

ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമത്തെ ഗുര്‍മീത് റാം റഹീം ന്യായീകരിച്ചിരുന്നുവെന്നും വനിതാ അനുയായികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നിലും വനിതാ അനുയായികള്‍ ആരോപണം ആവര്‍ത്തിച്ചിരുന്നു.

ഒരു ദിവസം ദേരാ തലവന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം വലിയ സ്‌ക്രീനില്‍ അശ്ലീല സിനിമ കാണുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വനിതാ അനുയായി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഗുര്‍മീതിന്റെ മുറിയില്‍ പ്രവേശനമുള്ളൂവെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.

2008-ല്‍ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുര്‍മീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.

വ്യാജ കത്തുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Top