വിവാദ ബലാത്സംഗ കേസില്‍ ഗുര്‍മീത് റാമിന് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

ചണ്ഡീഗഡ്: രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം കഠിന തടവിന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചു.

റാം റഹിം രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴയും ഒടുക്കണം.

കനത്ത സുരക്ഷയില്‍ സൈന്യത്തിന്റെയും പൊലീസിന്റെയും സുരക്ഷാവലയത്തില്‍ റോഹ്തകിലെ സുനാരിയ ജയിലിനകത്ത് തീര്‍ത്ത താല്‍ക്കാലിക കോടതിയിലായിരുന്നു വിധി പ്രസ്താവം. ഇരു വിഭാഗങ്ങള്‍ക്കും വാദത്തിനായി പത്ത് മിനിറ്റ് വീതം കോടതി അനുവദിച്ചിരുന്നു.

ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുര്‍മീത് സാമൂഹികപ്രവര്‍ത്തകനാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു ഗുര്‍മീതിന്റെ അഭിഭാഷകന്റെ വാദം.

വാദത്തിനിടെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം കോടതിയില്‍ മാപ്പപേക്ഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.

വിധി പ്രസ്താവത്തിന് ശേഷം കോടതി മുറി വിടാന്‍ ഗുര്‍മീത് തയ്യാറായിരുന്നില്ല. ജയിലിനുള്ളില്‍ പ്രത്യേകം തയാറാക്കിയ കോടതിമുറിയില്‍നിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഇയാള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ, ബലം പ്രയോഗിക്കേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് നിലത്തിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ചാണ് സെല്ലിലേക്ക് നീക്കിയത്.

ഇതിനിടെ പത്ത് വര്‍ഷം കഠിന തടവ് കുറഞ്ഞ് പോയെന്നും, പരമാവധി ശിക്ഷ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും പീഡനത്തിന് ഇരയായ യുവതി വ്യക്തമാക്കി.

അതേസമയം വിധി വന്നതിന് പിന്നാലെ ദേര സച്ചാ സൗദ ആസ്ഥാനമായ സിര്‍സയില്‍ അനുയായികള്‍ സംഘര്‍ഷം അഴിച്ചുവിട്ടു.

ഫൂര്‍ക്കയില്‍ രണ്ടു കാറുകള്‍ക്ക് ഗുര്‍മീത് അനുയായികള്‍ തീയിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്.

ഇതിനെ തുടര്‍ന്ന്, ആയിരത്തിലധികം സൈനികരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്.

പഞ്ചാബിലെ സംഗ്രൂരില്‍നിന്ന് നിരവധി ദേര സച്ചാ സൗദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകള്‍ എത്തുന്നതുകണ്ടാല്‍ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും എത്തുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് അഞ്ച് പേരില്‍ക്കൂടുതല്‍ കൂട്ടംകൂടിനില്‍ക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 36 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാന, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, യു.പി സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിധി വന്നു കഴിഞ്ഞാല്‍ ഗുര്‍മീതിന്റെ അനുയായികള്‍ കൂടുതല്‍ ആക്രമണത്തിന് തയ്യാറാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയത് സുരക്ഷാ ഉദ്യോഗസ്ഥരെയും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്.പഞ്ചാബിലെയും ഹരിയാനയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലും മിക്കയിടത്തും അവധി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

സിര്‍സയിലെ ഗുര്‍മീതിന്റെ ആസ്ഥാന ആശ്രമത്തിനകത്ത് ഒരു ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇവരെ നിയന്ത്രിക്കാന്‍ സൈന്യം ആശ്രമം വളഞ്ഞിരിക്കുകയാണ്. ഇവര്‍ പുറത്തേക്ക് ഇറങ്ങിയാല്‍ വീണ്ടും കലാപം കത്തി പടരുമെന്നതിനാല്‍ അതീവ ജാഗ്രതയിലാണ് സൈന്യം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥിതി സൂഷ്മം നിരീക്ഷിച്ചു വരികയാണ്.കഴിഞ്ഞ ദിവസങ്ങളിലെ കലാപവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിക്ക് എതിരെ മാത്രമല്ല പ്രധാനമന്ത്രിക്കെതിരെയും ഹൈക്കോടതി പരാമര്‍ശം നടത്തിയതിനാല്‍ കേന്ദ്രം അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്.

Top