വിഐപി എവിടെയും വിഐപി തന്നെ ; ഗുര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ പ്രത്യേക പരിഗണന

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പഞ്ച്കുല പ്രത്യേക കോടതി കുറ്റക്കാരനെന്ന് വിധിച്ച ആള്‍ദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിംഗിന് ജയിലില്‍ വിഐപി പരിഗണന.

റോഹ്തകിലെ പ്രത്യേക ജയിലില്‍ ആഡംബര സൗകര്യത്തോടെയാണ് ഗുര്‍മീത് കഴിയുന്നത്. കുടിക്കാനായി കുപ്പി വെള്ളവും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹത്തിന്റെ തന്നെ സഹായിയേയും ജയിലില്‍ അനുവദിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടോടെ ഹെലികോപ്ടറിലാണ് ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടുപോയത്.

ജയിലിലെത്തിച്ച ഗുര്‍മീതിനെ പൊലീസ് ട്രെയിനിംഗ് കോളേജിലെ ഗസ്റ്റ് ഹൗസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ ശീതികരിച്ച മുറിയില്‍ വിശ്രമം. രണ്ട് കിടക്കകളും അതിനോട് ചേര്‍ന്ന് തന്നെ ഭക്ഷണപ്പുരയും ഉണ്ട്. ഗസ്റ്റ് ഹൗസില്‍ ആഹാരം തയ്യാറാക്കിയിരുന്നെങ്കിലും റാം റഹീം പാല്‍ മാത്രമാണ് കുടിച്ചത്.

തുടര്‍ന്ന് രാത്രി 9.40ഓടെ സുനാരിയ ജയിലിലേക്ക് മാറ്റി. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ സ്വന്തം വസ്ത്രം തന്നെയാണ് ഗുര്‍മീത് ധരിച്ചത്.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും കലാപം അഴിച്ചുവിട്ടത്.

സൈന്യം നടത്തിയ വെടിവെപ്പില്‍ ഇപ്പോള്‍ 31 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top