കലാപ സാദ്ധ്യതയും ഭീഷണിയും, ഗുര്‍മീതിനെതിരെ വിധി പറയുന്നത് ജയിലില്‍

ഛണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ദേരാ സച്ചാ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മിത് റാം റഹീം സിംഗിന്റെ വിധി കേള്‍ക്കുക ജയിലില്‍ വച്ച്.

കലാപ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് താത്കാലത്തേക്ക് ജയിലിലേക്ക് മാറ്റുന്നത്. ഇതിനായുള്ള സുരക്ഷാ സൗകര്യങ്ങള്‍ റോത്തക്ക് ജില്ലാ ജയിലില്‍ ഒരുക്കാന്‍ ഹരിയാന സര്‍ക്കാരിനോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചു. ഇവിടെയാണ് റാം റഹിമിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ശിക്ഷ വിധിക്കുന്ന സമയത്ത് ഗുര്‍മിതിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരേണ്ടതായി വരും. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കോടതി ജയിലിനെ താത്ക്കാലിക കോടതിയാക്കി മാറ്റാന്‍ ഉത്തരവിട്ടത്. താത്കാലിക കോടതിമുറി ഉള്‍പ്പെടെ ഇവിടെ ഒരുക്കേണ്ടി വരും.

ജഡ്ജിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും വ്യോമ മാര്‍ഗം ജയിലിലെത്താന്‍ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കണം. അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും താത്കാലിക ജയിലിലേക്ക് സുഗമമായി എത്താനുള്ള സുരക്ഷാ സംവിധാനങ്ങളും തയാറാക്കണം. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗ് 28നാണ് ഗുര്‍മീതിനെതിരെ വിധി പ്രസ്താവിക്കുക.

Top