ബലാത്സംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാ വിധി ഇന്ന്; റോഹ്തക് കനത്ത സുരക്ഷാ വലയത്തില്‍

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനുള്ള ശിക്ഷ സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും.

സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കും. സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക സിബിഐ കോടതിയാക്കി മാറ്റിയ റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ശിക്ഷ പ്രഖ്യാപനം നടക്കുക. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജഗ്ദീപ് സിങ് ഇന്നലെ വൈകിട്ട് പഞ്ച്കുളയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം റോഹ്തക്കിലെത്തി.

റോഹ്തക്കും പരിസരവും സുരക്ഷാസൈനികരുടെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ച വ്യാപക അക്രമങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് റോഹ്തക് ഡെപ്യൂട്ടി കമ്മിഷണര്‍ അതുല്‍ കുമാര്‍ വ്യക്തമാക്കി.

പോലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്. തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷം മാത്രമേ ജനങ്ങളെ റോഹ്തക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

സിര്‍സയിലെ ദേരാ സച്ചാ സൗദാ ആശ്രമപരിസരത്ത് സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. സിര്‍സയിലേതൊഴിച്ചുള്ള ഹരിയാണയിലെ സൗദാ കേന്ദ്രങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ചിലത് പൂട്ടി. സിര്‍സയിലെ ആസ്ഥാനം വിടാന്‍ ഗുര്‍മീതിന്റെ അനുയായികള്‍ക്ക് അഞ്ചു ബസുകള്‍ ഏര്‍പ്പാടാക്കാന്‍ സിര്‍സ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അമരീന്ദര്‍സിങ് പഞ്ചാബിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ 98 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ഒഴിപ്പിച്ചതായി അമരീന്ദര്‍ സിങ് പറഞ്ഞു.

ഇതിനിടെ ഗുര്‍മീതിന് വിധി കേള്‍ക്കാനായി പഞ്ച്കുലയിലെത്താന്‍ അകമ്പടി സേവിച്ച അഞ്ചുപോലീസുകാരുള്‍പ്പെടെ ഏഴു സുരക്ഷാസൈനികരുടെ പേരില്‍ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ഗുര്‍മീതിനെ അറസ്റ്റ് ചെയ്തത് തടയാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. എസ്.ഐ, എ.എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവരാണ് അറസ്റ്റിലായത്. ഫയര്‍ എന്‍ജിനടക്കമുള്ള വാഹനങ്ങളായിരുന്നു ഗുര്‍മീതിന് പഞ്ച്കുലയിലേക്ക് അകമ്പടിയായുണ്ടായിരുന്നത്.

പഞ്ച്കുല, കൈതാല്‍ തുടങ്ങിയ സ്ഥലങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ ഞായറാഴ്ച അഞ്ചുമണിക്കൂര്‍ ഇളവുവരുത്തി. ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി-റോഹ്തക്-ബട്ടിന്‍ഡ ട്രെയിനുകള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം അനുമതി ലഭിച്ചിട്ടില്ല. നിലവില്‍ സിര്‍സയിലും പഞ്ച്കുലയിലുമായി സൈന്യത്തിന്റെ 24 കോളം (ഏതാണ്ട് 50 സൈനികരാണ് ഒരുകോളം) സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മന്‍സ, മുക്ത്‌സര്‍ എന്നിവിടങ്ങളില്‍ നാലുവീതവും.

ചൊവ്വാഴ്ചവരെ ഹരിയാനയിലെയും പഞ്ചാബിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടേര്‍പ്പെടുത്തിയ നിയന്ത്രണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
ഞായറാഴ്ച സിര്‍സയിലെ ആശ്രമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരു വാര്‍ത്താചാനലിന്റെ ക്യാമറാമാനെ ഗുര്‍മീതിന്റെ അനുയായികള്‍ ആക്രമിച്ച സംഭവവുമുണ്ടായി.

ചെറുസംഘങ്ങളായി റോഹ്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോഹ്തക്കില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി.

അതേസമയം കഴിഞ്ഞദിവസത്തെ ആക്രമണങ്ങളിലെ മരണസംഖ്യ 38 ആയി ഉയര്‍ന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Top