ലൈംഗിംഗാതിക്രമക്കേസിൽ കുറ്റക്കാരനായി കണ്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാസച്ഛാ സൗധ നേതാവും ആൾദൈവവുമായ ഗുർമീത് റാം റഹീമിന് കോടതി അനുമതിയില്ലാതെ ഇനി പരോൾ ലഭിക്കില്ല. 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് തുടർച്ചയായി പരോൾ നൽകുന്നതിനെ ചോദ്യം ചെയ്താണ് കോടതിയുടെ ഉത്തരവ്. ജനുവരിയിൽ ഗുർമീതിന് 50 ദിവസത്തെ പരോൾ നൽകിയിരുന്നു. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ ഗുർമീതിന് ലഭിക്കുന്ന ഏഴാമത്തെ പരോളാണിത്. നാല് വർഷത്തിനുള്ളിൽ ഇതുവരെ ഒമ്പത് പരോളുകൾ ഗുർമീതിന് നൽകിയിട്ടുണ്ട്.
മാർച്ച് 10 ന് ഗുർമീത് കീഴടങ്ങുന്നുവെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതി ഹരിയാന സർക്കാരിന് നിർദ്ദേശം നൽകി. മാത്രമല്ല, അടുത്ത തവണ ഗുർമീതിന് പരോൾ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ കോടതിയുടെ അനുമതി തേടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തിൽ എത്ര പേർക്ക് പരോൾ നൽകിയെന്നതിന്റെ കണക്ക് സർക്കാർ സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തവിട്ടു. ശിരോമണി ഗുരുദ്വാര പ്രബന്ദക് കമ്മിറ്റി സമർപ്പിച്ച പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
മൂന്ന് ഘട്ടങ്ങളിലായി പരോൾ ലഭിച്ച ഗുർമീത് 91 ദിവസം ജയിലിന് പുറത്തായിരുന്നു. നവംബർ 30 ന് 21 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ജൂലൈയിൽ 30 ദിവസത്തെയും ജനുവരിയിൽ 40 ദിവസത്തെയും പരോൾ ലഭിച്ചു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 2017ലാണ് ഗുർമീതിനെ ഹരിയാനയിലെ പഞ്ച്ഗുള പ്രത്യേക സിബിഐ കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഗുർമീതിന് പരോൾ നൽകുന്നതെന്ന ആരോപണം തുടർച്ചയായി ഉയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പോ സംസ്ഥാന തിരഞ്ഞെടുപ്പോ അടുക്കുമ്പോൾ പരോൾ നൽകുന്നതാണ് പാറ്റേൺ. പഞ്ചാബിലെ മാൽവാ മേഖലയിൽ ഗുർമീതിന്റെ ദേര സച്ഛാ സൗധയ്ക്ക് വലിയ സ്വാധീനമാണുള്ളത്. പഞ്ചാബ് നിയമസഭയിലെ 117 സീറ്റിൽ 69 സീറ്റും മാൽവാ മേഖലയിലാണ്. അതായത് പഞ്ചാബിന്റെ പകുതിയിലേറെ ഗുർമീതിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്.
2022 ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുപ്പിച്ച് ഗുർമീതിന് 21 ദിവസം പരോൾ നൽകിയത് വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പഞ്ചാബ് ഹൈക്കോടതിയിൽ പരാതി ലഭിച്ചിരുന്നു. 2022 ൽ തന്നെ ജൂണിൽ ഹരിയാനയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പ് സമയത്ത് ഗുർമീതിന് 30 ദിവസത്തെ പരോളാണ് നൽകിയത്. നാല് മാസത്തിന് ശേഷം ഒക്ടോബറിൽ ഹരിയാനയിലെ അഡമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 40 ദിവസത്തെ പരോളും നൽകി.