ചെങ്കോട്ടസംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളി ഗുര്‍ജിത്ത് സിംഗ് അറസ്റ്റില്‍

ദില്ലി: കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചണ്ഡിഗഡ് പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ഷക നേതാക്കള്‍, ലക്കാന്‍ സദ്ദന എന്നിവര്‍ ഉള്‍പ്പെടെ പ്രതികളാക്കിയാണ് കേസ്. അതേസമയം ചെങ്കോട്ട സംഘര്‍ഷത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദില്ലി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഏഴ് മാസം കഴിഞ്ഞിരിക്കുകയാണ്. സമരത്തിനിടയില്‍ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകരാണ് മരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. പ്രതിഷേധകരെ ദില്ലി അതിര്‍ത്തികളില്‍ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി. ട്രാക്ടറുകള്‍ക്ക് പിന്നാലെ ട്രോളികളില്‍ കുടിലുകള്‍ കെട്ടി കര്‍ഷകര്‍ അതിര്‍ത്തികളിലെ ദേശീയ പാതകളില്‍ താമസമാക്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. സമരം രാജ്യാന്തര തലത്തില്‍വരെ ചര്‍ച്ചയായി.

ജനുവരി 26 ലെ ചെങ്കോട്ട സംഘര്‍ഷം പക്ഷെ സമരത്തിന്റെ മാറ്റ് ഇടിച്ചു. യു.എ.പിഎ, ഇ.,ഡി കേസുകള്‍ കൊണ്ട് സര്‍ക്കാര്‍ നേരിട്ടെങ്കിലും കര്‍ഷകര്‍ പിടിച്ചു നിന്നു. കൊവിഡ് രണ്ടാം തംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും സമരഭൂമിയില്‍ തന്നെ കര്‍ഷകര്‍ തുടര്‍ന്നു. മഞ്ഞും തണുപ്പും കാറ്റും മഴയും പൊള്ളുന്ന ചൂടും കടന്ന് ഏഴ് മാസം. സമരഭൂമിയില്‍ 502 കര്‍ഷകര്‍ ഏഴ് മാസത്തിനിടെ മരിച്ചു. ഇപ്പോഴും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.

സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. യുപിയിലും പഞ്ചാബിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സമരം എങ്ങനെയും അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഇനി നടത്തിയേക്കും. പക്ഷെ, നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ അത് അത്ര എളുപ്പവുമാകില്ല.

 

Top