Gurdaspur man dies in Pak jail

deadbody

ലാഹോര്‍: ഇരുപതു വര്‍ഷത്തില്‍ കൂടുതലായി പാകിസ്ഥാന്‍ ജയിലില്‍ ചാരവൃത്തി ചുമത്തി തടവിലാക്കിയിരുന്ന ഇന്ത്യന്‍ പൗരന്‍ ഇന്നലെ തടവറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 1992ലാണ് വാഗാ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ കടന്നെന്നു പറയുന്ന കിര്‍പാല്‍ സിംഗ് (50)നെ പിടികൂടിയത്. പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയാക്കിയ സിംഗിന് മരണശിക്ഷ വിധിച്ചിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ കോട്ട് ലക്പത്ത് ജയിലില്‍ സിംഗിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. പോസ്റ്റു മോര്‍ട്ടത്തിനായി സിംഗിന്റെ മൃതശരീരം ലാഹോരിലെ ജിന്നാഹ് ആശുപത്രിയിലേക്ക് മാറ്റി. സിംഗിന്റെ മരണത്തെ കുറിച്ച് മറ്റ് തടവുകാരുടെ മൊഴി രേഖപ്പെടുത്താന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജയിലിലുണ്ടായ പീഡനങ്ങള്‍ മൂലമാണോ സിംഗ് മരണപ്പെട്ടത് എന്ന ചോദ്യത്തിന് നെഞ്ചുവേദനയെടുക്കുന്നു എന്ന് കൂടെ ഉണ്ടായിരുന്നവരോട് സിംഗ് പറഞ്ഞതായും ഉടന്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഇന്ത്യന്‍ തടവുകാരന്‍ മരണം സ്വാഭാവികമാണെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള സിംഗ് ബോംബ് സ്ഫോടന കേസില്‍ നിപരാധിയെന്നു വിധിച്ചെങ്കിലും അജ്ഞാതമായ ചില കാരണങ്ങളാല്‍ ഇയാളുടെ മരണശിക്ഷയ്ക്ക് ഇളവു നല്‍കിയിരുന്നില്ലെന്നും പറയുന്നു.

കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ സിംഗിനെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും സഹായത്തിനായി രാഷ്ട്രീയക്കാര്‍ പോലും മുന്നോട്ടു വന്നില്ലെന്നും സിംഗിന്റെ സഹോദരി ജാഗിര്‍ കൗര്‍ പറയുന്നു. 2013ല്‍ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത്ത് സിംഗിനെ കൂടെയുള്ള തടവുകാര്‍ ഇതേ ജയിലിനുള്ളില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കൊലപാതകികളായ മുഹമ്മദ് മുദ്ദാസര്‍, ആമീര്‍ താമ്പാ എന്നിവര്‍ വിചാരണ നേരിടുകയാണ്.

Top