പ്രചരണ പരിപാടിക്കിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സണ്ണി ഡിയോള്‍

ചത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോളിവുഡ് താരം സണ്ണി ഡിയോള്‍. പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് അദ്ദേഹം. പ്രചരണ പരിപാടിക്കിടെ സണ്ണിയുടെ വാഹനവ്യൂഹം ഒരു കൂട്ടയിടിയില്‍ പെടുകയായിരുന്നു.

ഫത്തേഗഡ് ചുരിയാനിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹല്‍ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. സൊഹലിലെ ഗുരുദ്വാരയ്ക്ക് സമീപമെത്തിയപ്പോള്‍ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി സണ്ണി സഞ്ചരിച്ച എസ്.യു.വി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് ഇടിച്ചത്. ഇതില്‍ ഒന്ന് സണ്ണിയുടെ വാഹനവ്യൂഹത്തില്‍ പെടാത്ത ഗ്രാമവാസിയുടേതാണ്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ സണ്ണി ഉള്‍പ്പടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗുരുദാസ്പുരിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി. സുനില്‍ ഝക്കറാണ് സണ്ണി ഡിയോളിന്റെ പ്രധാന എതിരാളി.

Top