അഫ്ഗാനില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്റ്റേഷനു നേരെ ഭീകരാക്രമണം

ജലാലാബാദ് : അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്റ്റേഷനു നേരെ ഭീകരാക്രമണം.

ജലാലാബാദിലെ കേന്ദ്രത്തിനുനേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഇതില്‍ രണ്ടു പേര്‍ ചാവേറുകളായി പൊട്ടിത്തെറിച്ചു. അവശേഷിക്കുന്ന ഒരാള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നുവെന്നാണ് ലഭ്യമായ വിവരം.

ഒരുസംഘം ആളുകള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്നുവെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആരാണ് അവരെന്നോ എന്താണ് അവരുടെ ലക്ഷ്യമെന്നോ അറിയില്ലെന്ന് പ്രവിശ്യയുെട ചുമതലയലുള്ള ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ശക്തമായ ഏറ്റുമുട്ടലാണ് ടെലിവിഷന്‍ കേന്ദ്രത്തിലെ കെട്ടിടത്തില്‍ നടക്കുന്നത്.

പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് ജലാലാബാദ്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്. കൂടാതെ, താലിബാനും മേഖലയില്‍ സ്വാധീനമുണ്ട്.

നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top