കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്കു നേരെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് എസ്ഐടിഇ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നാല് ഭീകരരെയും സുരക്ഷാസേന വധിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ പ്രാദേശിക സമയം 7.45നാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഷോര്‍ബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന് നേരെയുണ്ടായ മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാവേറുകളും തോക്കേന്തിയ അക്രമികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ 150ലേറെ ആളുകളാണ് ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നത്.

Top