Gunmen attack popular tourist hotel in Mali’s capital

ബമാകോ: മാലി തലസ്ഥാനമായ ബമാകോയില്‍ വെടിവയ്പ്പ്. ഇവിടത്തെ റാഡിസന്‍ ബ്ലു ഹോട്ടലിലാണ് വെടിവയ്പ്പുണ്ടായത്. തോക്കുധാരികളായ രണ്ട് പേര്‍ 170 പേരെ ബന്ദികളാക്കി. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഹോട്ടലില്‍ താമസത്തിനെത്തിയ 140 പേരെയും 30 ജീവനക്കാരെയുമാണ് ബന്ദികളാക്കിയത്. 190 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണിത്. അമേരിക്കന്‍ ഹോട്ടല്‍ ശംഖലയായ റെസിഡോര്‍ ഗ്രൂപ്പിന്റെതാണ് ഈ ആഡംബര ഹോട്ടല്‍.

ഹോട്ടലിലെ ഏഴാം നിലയില്‍നിന്നു വെടിയൊച്ചകള്‍ കേട്ടതായി സമീപവാസികള്‍ പറയുന്നു. മാലി പോലീസ് സ്ഥലം വളഞ്ഞിട്ടുണ്ട്. അക്രമികള്‍ രണ്ടു പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ച ശേഷം വെടിവെക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വെടിവെപ്പില്‍ മരണം സംഭവിച്ചുവോ എന്നു വ്യക്തമല്ല.

കഴിഞ്ഞ ഓഗസ്റ്റില്‍ യു.എന്‍. ഓഫിസര്‍മാരടക്കം 13 പേരെ ബമാകോയില്‍ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. അന്നും ഹോട്ടലിലേക്ക് ഇരച്ചു കയറിയ ശേഷം ബന്ദികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

ഇപ്പോഴത്തെ ആക്രമണത്തിനു പിന്നില്‍ ആരാണെന്നതു വ്യക്തമല്ല. ആഭ്യന്തര കലഹം നടക്കുന്ന മാലിയില്‍ ശക്തമായ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. തലസ്ഥാന നഗരിയുടെ നിയന്ത്രണം ഭീകരര്‍ കയ്യിലാക്കുന്നത് ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സുരക്ഷാസേന ജാഗ്രത പാലിക്കുന്നതിനിടയിലാണ് ആക്രമണം.

Top