സംസ്ഥാനത്ത് മൊത്തം 2750 ഗുണ്ടകള്‍; 557 പേരുകള്‍ പുതിയത്, കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 557 പേരെ കൂടി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെയാണ് ലിസ്റ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പോലീസിന്റെ കണക്കുപ്രകാരം 2,750 പേരാണ് സംസ്ഥാനത്ത് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനുകള്‍ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഇതുപ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ളത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്.

നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന സജീവമായ ആളുകളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ സജീവമല്ലാത്ത ആളുകളെ ലിസ്റ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 701 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചത് പോലീസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അറുതി വരുത്താന്‍ പോലീസ് നടപടി സ്വീകരിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ‘കാവല്‍’ ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു. ഇതിനൊപ്പമാണ് ഗുണ്ടാ ലിസ്റ്റ് പരിഷ്‌കരിച്ചിരിക്കുന്നത്.

Top