വയോധികയുടെ വീടിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം; 4 പേര്‍ അറസ്റ്റില്‍

arrest

ശാന്തന്‍പാറ: പന്തടിക്കളത്ത് വയോധികയുടെ വീടിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. 15 അംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ജലീന മേരി ഗില്‍ബര്‍ട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികൾ വീടും, വീട്ടുപകരണങ്ങളും തകര്‍ത്തു.

ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് ആണ് ആക്രമണം ഉണ്ടായത്. വിജയന്റെ നേതൃത്വത്തില്‍ എത്തിയ അക്രമിസംഘം ജലീനയുടെ വീട് ആക്രമിക്കുകയും, വീട്ടുപകരണങ്ങളും, അടുക്കള ഉപകരണങ്ങളും, വാട്ടര്‍ ടാങ്കും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അടിച്ചും, കല്ലെറിഞ്ഞും തകര്‍ക്കുകയായിരുന്നു. ആക്രമണം നടന്നപ്പോള്‍ ജലീനയും, അഞ്ച് വയസുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഉടനെ തന്നെ ജലീന കുട്ടിയേയും എടുത്തുകൊണ്ട് പുറത്തേക്കോടി. തുടർന്ന് ഫോണില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചത് പ്രകാരമാണ് ശാന്തന്‍പാറ പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട 4 പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട്, ശാന്തന്‍പാറ സ്വദേശികളായ ആദര്‍ശ്, ജോസഫ്, വിജയന്‍, അസീം എന്നിവരാണ് പിടിയിലായത്. സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി

Top