മരത്തില്‍നിന്നു വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു

രാജകുമാരി: മരത്തില്‍നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കുപയോഗിച്ച് വെടിവച്ച് ജീവനൊടുക്കി. ഇടുക്കി ശാന്തന്‍പാറ പൂപ്പാറയ്ക്ക് സമീപം മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെ.പി. സന്തോഷാണു മരിച്ചത്.

ഇന്ന് വൈകുന്നേരം നാലരയോടെയാണു സംഭവം. ഒരു മാസം മുമ്പ് മരത്തില്‍നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍നിന്ന് എത്തിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടതിനാല്‍ ഉച്ചയോടെ വീട്ടില്‍നിന്നു പുറത്തുപോയി. മടങ്ങി എത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന തോട്ടാക്കുഴല്‍ കൊണ്ട് കഴുത്തില്‍ വെടി വയ്ക്കുകയായിരുന്നു.

ഭാര്യ രജനിയും മകന്‍ അര്‍ജുനും ഈ സമയം വീടിനുസമീപത്തെ പറമ്പിലായിരുന്നു. വെടി ശബ്ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തി ഉടന്‍തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Top