ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി ഇടുക്കിയില്‍ ഒരാള്‍ പിടിയില്‍

മൂന്നാര്‍: ഇടുക്കിയില്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി വയോധികന്‍ പിടിയില്‍. രാജാക്കാട് സ്വദേശി തോമസ് മത്തായിയാണ് അറസ്റ്റിലായത്.വനം വകുപ്പ് ദേവികുളം റെയ്ഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം പുതുവര്‍ഷത്തോടനുബന്ധിച്ച് വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് തോക്ക് പിടികൂടിയത്.

ബൈസണ്‍വാലി ഇരുപതേക്കറിന് സമീപത്തെ പരിശോധനക്കിടെയാണ് തോക്ക് കണ്ടെത്തിയത്. ഏലത്തോട്ടത്തിലെ ഷെഡ്ഡിനുളളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു നിറതോക്കും അനുബന്ധ ഉപകരണങ്ങളും. രാത്രി വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഹെഡ്ലൈറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.

പ്രദേശത്ത് ആന ശല്യം രൂക്ഷമാണെന്നും പടക്കം പൊട്ടിച്ചിട്ടും തിരിച്ച് പോകാത്ത ആനകളെ വലിയ ശബ്ദമുണ്ടാക്കി ഭയപ്പെടുത്താനാണ് തോക്ക് ഉപയോഗിക്കാറുള്ളതെന്നുമാണ് മത്തായി വനപാലകരോട് പറഞ്ഞത്. വ്യാജ തോക്ക് സൂക്ഷിച്ചതിന് പ്രതിക്കെതിരെ കേസെടുത്തു.

Top