ഫിഫ വിലക്ക് പിന്‍വലിച്ചു: ഗള്‍ഫ് കപ്പ് ഫുട്‌ബോളിന് കുവൈത്ത് വേദിയാകും

കുവൈത്ത്‌സിറ്റി: ഗള്‍ഫ് കപ്പ് ഫുട്ബോളിന് കുവൈത്ത് വേദിയാകുന്നു. അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് പിന്‍വലിച്ചതോടെയാണ് 23-ാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് കുവൈത്ത് വേദിയാകുന്നത്.

ഫിഫയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാജ്യത്തെ കായിക ഭരണസമിതിയില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് 2015ല്‍ കുവൈത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഫിഫയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കുവൈത്ത് കഴിഞ്ഞയാഴ്ച്ച രാജ്യത്ത് പുതിയ നിയമം പാസ്സാക്കിയതോടെയാണ് ഫിഫ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഡിസംബര്‍ 23 മുതല്‍ ജനുവരി 5 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നേരത്തെ ഖത്തറില്‍ വെച്ച് 23-ാമത് ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റ് നടത്തുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ കളിക്കാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് വേദിയാക്കുന്നതിന് തീരുമാനിച്ചത്.

Top