ഗള്‍ഫ് രാജ്യങ്ങള്‍ സൈനിക ഇടപെടല്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ഖത്തര്‍

qatar-crisis

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ തുടക്കത്തില്‍ തന്നെ സൈനിക ഇടപെടല്‍ നടത്താന്‍ ഈ രാജ്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ. രാജ്യത്തെ ദുര്‍ബലമാക്കുന്നതിന് പല മാര്‍ഗങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍ തേടിയെങ്കിലും അവയെല്ലാം പരാജയപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗദി അറേബ്യയും, യു.എ.ഇയും ഗോത്ര വിഭാഗത്തെ രാജ്യത്തിനെതിരെ കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിന് അമേരിക്കയുമായി ധാരണാപത്രം ഒപ്പുവെച്ച ഏക രാജ്യമാണ് ഖത്തറെന്നും, അയല്‍ രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്താനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും, പ്രതിസന്ധി പരിഹരിക്കാന്‍ തുറന്ന സംവാദമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഊര്‍ജ വിതരണക്കാരാണ് ഖത്തറെന്നും, ഊര്‍ജ വിതരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശത്രുക്കളെ ഒഴിവാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top