കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം നല്‍കണമെന്ന് ഗുലാം നബി ആസാദ്‌

കൊച്ചി:പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് കൂടുതല്‍ കേന്ദ്രധനസഹായം നല്‍കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണദ്ദേഹം.

രാവിലെ 11 .20 ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹം ആലുവ മേഖലയിലാണ് ആദ്യം സന്ദര്‍ശനം നടത്തുന്നത്. ദേശം പൊറയാര്‍ വിരുത്തി കോളനിയിലെ പ്രദേശങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുകയാണദ്ദേഹം. അൻവർ സാദത്ത് എംഎല്‍എ അദ്ദേഹത്തിനൊപ്പമുണ്ട്.

മൂന്ന് മണിക്ക് കുന്നുകരയില്‍ പള്ളിമേട തകര്‍ന്ന സ്ഥലവും ഇതിനു സമീപം തകര്‍ന്ന വീടുകളും സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിയോടെ ചേന്ദമംഗലം കുറുമ്പത്തുരുത്തില്‍ തകര്‍ന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങും.

നാളെ രാവിലെ എട്ടരയ്ക്ക് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് തിരിയ്ക്കും. പതിനൊന്നരയ്ക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ ചെറുകാവില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പുറം ഉറുങ്ങാട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിലെ ചാലിയാറില്‍ ദുരിതബാധിതരെ നേരില്‍ കാണും. ഞായറാഴ്ച രാവിലെ 8. 40 ന് ബംഗളൂരു വഴി ദില്ലിക്ക് മടങ്ങും.

Top