യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ കോടതിയെ സമീപിക്കേണ്ടിവന്നത് ലജ്ജാവഹം; ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ കാണാന്‍ യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ച വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗുലാം നബി ആസാദ് രംഗത്ത്.

ഒരു ദേശീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് തന്റെ സംസ്ഥാന നേതാവിനെ കാണാനായി സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യം എത്ര ലജ്ജാകരമാണെന്ന് ഗുലാം നബി പറഞ്ഞു. ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് നാല് തവണ എം.എല്‍.എയും സംസ്ഥാന മേധാവിയുമായ തന്റെ സഹപ്രവര്‍ത്തകന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നെന്നും, ഇത് എത്ര വിചിത്രമാണെന്നും ഈ അവസരത്തിലെങ്കിലും സുപ്രീം കോടതി വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് ആലോചിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. കോണ്‍ഗ്രസും ഇത്തരത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് രണ്ടും രണ്ട് സാഹചര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജമ്മു കശ്മീരില്‍ പരിമിതമായ സാന്നിധ്യമാണ് ഉള്ളത്. എന്നാല്‍ ബ്ലോക്കുകള്‍ വരെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന് സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ കാണേണ്ട നേതാക്കളുടെ പട്ടിക വളരെ വലുതാണെന്നും ഇതില്‍ ഏത് നേതാവിനെ കാണണമെന്നാണ് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. തനിക്കും കോണ്‍ഗ്രസിനും അത് ബുദ്ധിമുട്ടാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം മോദി സര്‍ക്കാരിന്റെ നടപടികളെയും ഗുലാം നബി ആസാദ് വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുവെന്നും ആര്‍ട്ടിക്കിള്‍ 35-എ യും 370-ഉം റദ്ദാക്കിയതിന്റെ പ്രത്യാഘാതം എന്താകുമെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ അറിയുന്ന കാര്യങ്ങള്‍ വെച്ച് കശ്മീരിലെ സാഹചര്യം വളരെ ഭയാനകമാണെന്നും ഭരണകൂടം കശ്മീര്‍ ജനതയെ വഞ്ചിച്ചുവെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

Top