ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കില്ല

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കില്ല.

ഡല്‍ഹി ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇവിടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് പാര്‍ട്ടി തീരുമാനം.

ദേശീയതലത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുമെന്നും ഏതൊക്കെ സംസ്ഥാനത്ത് മത്സരിക്കണമെന്നത് കൂടുതല്‍ പരിശോധനകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം ഡല്‍ഹി തൊഴില്‍മന്ത്രിയും എഎപിയുടെ ഗുജറാത്ത് ചുമതലക്കാരനുമായ ഗോപാല്‍ റായിയെ പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം കണ്‍വീനറായി നിയമിക്കാന്‍ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു.

പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും എഎപിയുടെ നില പരുങ്ങലിലായ സാഹചര്യത്തിലാണ് ആപിന്റെ പുതിയ നീക്കം.

മാസങ്ങളായി ഗുജറാത്തില്‍ ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ എഎപി പ്രചാരണപരിപാടികള്‍ നടത്തിവരുന്നുണ്ട്.

ഗുജറാത്തില്‍ ഡിസംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Top