gujarathi film cencering;100 cut

അഹമ്മദാബാദ്: ബോളിവുഡ് ചിത്രമായ ഉഡ്താ പഞ്ചാബിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികപ്പൂട്ടില്‍ ഒരു ഗുജറാത്തി ചിത്രവും. വൈകാരികത നിറഞ്ഞ പ്രമേയത്തിന്റെ പേരിലാണ് ഗുജറാത്തി ചിത്രമായ സലഗ്‌തോ സാവല്‍ അനാമത്തിന് 100 കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക്ക് പട്ടേലുമായി സാമ്യമുണ്ട് എന്നതാണ് ചില സീനുകള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിക്കാന്‍ ഒരു കാരണം. സംവരണമാണ് സിനിമയുടെ പ്രമേയം.

100 കട്ടുകള്‍ വേണമെന്ന നിര്‍ദേശത്തിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജയപ്രതാപ്‌സിന്‍ ചൗഹാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ റിവ്യൂ കമ്മിറ്റിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ച ഈ പരാതിയില്‍ വാദം കേള്‍ക്കും.

വളരെ കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം 17 ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

ചിത്രത്തിന്റെ റിലീസിങ് തിയതി ഇനീയും നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് സംവിധായകന്‍ രാജേഷ് ഗോലി പറഞ്ഞു. ചിത്രത്തില്‍ പട്ടേല്‍ എന്ന ഉപയോഗിക്കുന്ന ഭാഗങ്ങളും പട്ടേല്‍ സംവരണ സമരത്തിന്റെ രംഗങ്ങളും മുറിച്ച് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

തന്റെ കലാസൃഷ്ടിയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഹര്‍ദിക്ക് പട്ടേലിനെ പറ്റിയല്ല താന്‍ ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചിത്രത്തിലെ പ്രധാനകഥാപാത്രം ജയിലില്‍ കഴിയുന്ന ഹര്‍ദിക്കുമായി സാമ്യമുണ്ടെന്ന് അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നം സംവിധായകന്‍ പറയുന്നു.

ജയിലില്‍ കഴിയുന്ന ഹര്‍ദിക്കിനെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണിതെന്നും സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നു. എന്നാല്‍ താന്‍ ഹര്‍ദിക്കിനെ ഉയര്‍ത്തിക്കാട്ടാനല്ല ശ്രമിച്ചത്. മറിച്ച് ചിത്രം പട്ടേല്‍ സമരത്തെ പറ്റി മാത്രമാണ് പറയുന്നതെന്നും ഗോലി പറയുന്നു.

തങ്ങള്‍ ഒരു സീന്‍ പോലും മുറിച്ച് കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുടര്‍ന്നും സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഇതാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പട്ടേല്‍ എന്ന വാക്ക് ചിത്രത്തില്‍ നിന്ന് മുറിച്ച് മാറ്റിയാല്‍ ചിത്രത്തിന്റെ ആത്മാവ് തന്നെ നഷ്ടമാകുമെന്നും ഗോലി കൂട്ടിച്ചേര്‍ത്തു.

Top